പുലർച്ചെ 3നു പമ്പയിൽ ക്യൂ നിന്നവർ നടപ്പന്തലിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 1.30
ശബരിമല ∙ അയ്യപ്പ ദർശനത്തിന്റെ പുണ്യം തേടിയെത്തിയ തീർഥാടകർക്കു 13 മണിക്കൂർ വരെ നീണ്ട കാത്തുനിൽപ്. വഴിനീളെ വാഹനങ്ങൾ പിടിച്ചിട്ടതിനാൽ നാലും അഞ്ചും മണിക്കൂർ അങ്ങനെ വീണ്ടും പോയി. ഇന്നലെ വെർച്വൽ ക്യൂ വഴി 89450 പേരാണു ദർശനം ബുക്ക് ചെയ്തത്. തിങ്കളാഴ്ച രാത്രി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര ശബരിപീഠം വരെ നീണ്ടു. അതിനാൽ തീർഥാടകരെ പമ്പയിലും പിന്നീടു മറ്റു വഴികളിലും തടഞ്ഞു. ഇലവുങ്കൽ, നാറാണംതോട്, എരുമേലി, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ രാത്രി തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞിരുന്നു.
ഇവർ ഇന്നലെ പുലർച്ചെയാണു പമ്പയിൽ എത്തിയത്. പുലർച്ചെ 3നു പമ്പയിൽ ക്യൂ നിന്നവർ സന്നിധാനം നടപ്പന്തലിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞു. വലിയ നടപ്പന്തലിൽ 4 മണിക്കൂർ വരെ കാത്തുനിന്നാണ് ഇവർ പതിനെട്ടാംപടിക്കൽ എത്തിയത്. പടി കയറ്റുന്നതിന്റെ വേഗം ഇന്നലെയും കുറവായിരുന്നു. സന്നിധാനത്തെ വലിയ തിരക്കു പരിഗണിച്ച് എരുമേലി, കണമല, നാറാണംതോട് , ളാഹ, പുതുക്കട, പെരുനാട് എന്നിവിടങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു.
