ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു–കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഈ മാസം അവസാനം ആരംഭിക്കുന്നത് മലയാളികൾക്കും ഗുണകരമാകും. 5 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിലെത്തുന്ന ട്രെയിൻ ഭാവിയിൽ പാലക്കാട്ടേക്ക് നീട്ടുന്നതും പരിഗണനയിൽ.
നിലവിൽ ഈ റൂട്ടിലോടുന്ന ഉദയ് എക്സ്പ്രസ് 6 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് കോയമ്പത്തൂരിലെത്തുന്നത്. പകൽ ട്രെയിനായി സർവീസ് തുടങ്ങുന്നതോടെ മലയാളികൾക്ക് കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് കണക്‌ഷൻ ട്രെയിൻ കിട്ടാനും എളുപ്പമാണ്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ റൂട്ടും സമയ പട്ടികയും പുറത്തിറക്കും.
നിലവിൽ ബെംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് 2 പാതകളുണ്ട്. കെആർ പുരം–വൈറ്റ്ഫീൽഡ്–ബംഗാർപേട്ട്–കുപ്പം സേലം വഴി 432 കിലോമീറ്ററും ബാനസവാടി–ഹൊസൂർ, സേലം വഴി 379 കിലോമീറ്ററുമാണുള്ളത്. ഇതിൽ ബാനസവാടി– ഹൊസൂർ പാതയുടെ ഇരട്ടിപ്പിക്കൽ ഇനിയും പൂർത്തിയാകാനുണ്ട്.
ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടാൻ ഏറെ മുറവിളികൾ ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.15നു ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് രാത്രി 9നാണ് കോയമ്പത്തൂരിലെത്തുന്നത്. പുലർച്ചെ 5.45നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30നു ബെംഗളൂരുവിലെത്തും.
ബെംഗളൂരു–കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടിയേക്കും; 5 മണിക്കൂർ യാത്ര, മലയാളികൾക്ക് നേട്ടം
