രോഹിത് ശർമ
മുംബൈ∙ രോഹിത് ശർമയെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമം തുടങ്ങി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രോഹിത്തിനെ മാറ്റിയതിനു പിന്നാലെയാണു ഡല്‍ഹിയുടെ നീക്കം. ഹാർദിക് പാണ്ഡ്യ മുംബൈയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ വന്നപ്പോൾ തന്നെ ഡൽഹി രോഹിത്തിനായി ശ്രമം തുടങ്ങിയിരുന്നെന്നാണു പുറത്തുവരുന്ന വിവരം. എന്നാൽ അന്നു ഡൽഹി ക്യാപിറ്റൽസിന്റെ ഓഫർ മുംബൈ തള്ളുകയായിരുന്നു.
ഐപിഎലിലെ താരലേലത്തിനു ശേഷം ട്രാൻസ്ഫർ ജാലകം വീണ്ടും തുറക്കും. ചൊവ്വാഴ്ച ദുബായിലാണു താരലേലം നടക്കുക. ഡിസംബർ 20 മുതലായിരിക്കും വീണ്ടും ട്രാൻസ്ഫർ ജാലകം തുടങ്ങുക. ഈ സാഹചര്യത്തിൽ രോഹിത്തിനെ വാങ്ങുന്നതിനായി ഡൽഹി ക്യാപിറ്റൽസ് വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.
പാണ്ഡ്യയ്ക്കു കീഴിൽ കളിക്കാൻ തയാറാണെന്നു രോഹിത് ശർമ സമ്മതിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ഋഷഭ് പന്ത് പരുക്കുമാറി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 2024 ഐപിഎല്ലിൽ താരം കളിക്കുമെന്നാണു വിവരം. പന്ത് ഇല്ലെങ്കിൽ രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസിനെ നയിക്കണമെന്നാണ് മാനേജ്മെന്റിന്റെ താൽപര്യം.
വാഹനാപകടത്തിൽ പരുക്കേറ്റ ഋഷഭ് പന്ത് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അടുത്ത സീസണിൽ വിക്കറ്റ് കീപ്പറായും ബാറ്ററായും മുഴുവൻ സമയവും താരം ഗ്രൗണ്ടിലുണ്ടാകുമോയെന്നു വ്യക്തമല്ല. ഇംപാക്ട് പ്ലേയർ ആയി പന്തിനെ കളിപ്പിക്കുന്ന കാര്യം ഡൽഹി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ക്യാപ്റ്റനായി മറ്റൊരാളെ ഡൽഹിക്കു കണ്ടെത്തേണ്ടിവരും. കഴിഞ്ഞ സീസണിൽ ഡേവിഡ് വാർണറായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ.
