jeevan news online

വാർത്തകൾ വിശദമായി

മൂന്നാര്‍ തോട്ടം തൊഴിലാളിസമരത്തിന് ചരിത്ര വിജയം



ഇടുക്കി: മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒമ്പത് ദിവസമായി തുടര്‍ന്ന സമരം അവസാനിച്ചത്. തൊഴിലാളികളുടെ ആവശ്യപ്രകാരം 20 ശതമാനം ബോണസ് നല്‍കാന്‍ ധാരണയായി. തൊഴിലാളികളുടെ ശമ്പളവര്‍ധന ഈ മാസം 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരു ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍ന്നത്. തൊഴിലാളികള്‍ ആവശ്യപ്പെട്ടതുപോലെ ബോണസ്സായി 8.33 ശതമാനവും  11.67 ശതമാനം എക്‌സ്‌ഗ്രേഷ്യയും നല്‍കാന്‍ കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ അധികൃതര്‍ തയ്യാറായതായി മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളികളുടെ ശമ്പളവര്‍ധന ഈ മാസം 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി പരിഗണിക്കും. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒമ്പത് ദിവസമായി തങ്ങള്‍ നടത്തുന്ന സമരം വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു. സമരം വിജയിപ്പിക്കാന്‍ സഹായിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവരോട് സമരക്കാര്‍ നന്ദിയും അറിയിച്ചു.

ട്രേഡ് യൂണിയന്‍ നേതാക്കളും കമ്പനി അധികൃതരും തൊഴിലാളി പ്രതിനിധികളുമായി മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും നിരവധി തവണ വെവ്വേറെ ചര്‍ച്ച ചെയ്തിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് എത്തിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കുകയായിരുന്നു. 

ഇടുക്കി എംപി. ജോയ്‌സ് ജോര്‍ജും ബിജി മോള്‍ എംഎല്‍എയും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം വിജയിപ്പിച്ച ജനപ്രതിനിധികളെയും തൊഴിലാളികളെയും ഡിവൈഎഫ്‌ഐയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഹാരമാണിയിച്ച് അഭിവാദ്യം ചെയ്തു. 

 










<

JEEVAN TV NEWS

JEEVAN TV NEWS