jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യ-ശ്രീലങ്ക ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊളംബോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. സഞ്ജു സാംസന്റെ ഏകദിന അരങ്ങേറ്റം ഉണ്ടാകുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ


വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംമ്രയും അടങ്ങുന്ന ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖര്‍ധവാന്‍ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിലേക്ക് നറുക്കുവീണത്. രണ്ടാംനിര ടീമെന്ന് ലങ്കന്‍ മുന്‍നായകന്‍ അര്‍ജുന രണതുംഗെ പരിഹസിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ഇന്ത്യയുടെ ടീം ലിസ്റ്റ് കണ്ടാല്‍ വ്യക്തമാകും. ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും മിന്നിത്തിളങ്ങിയ ഒരുപിടി താരങ്ങളാണ് ലങ്കന്‍ പര്യടനത്തിലുള്ളത്. ഭുവനേശ്വര്‍കുമാര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, പൃഥ്വി ഷാ, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍... അങ്ങനെ നീളുന്നു പട്ടിക. ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷാ വേണോ അതോ ദേവ്ദത്ത് പടിക്കലാകണോ ഓപ്പണറാവേണ്ടത് എന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. വിക്കറ്റ് കീപ്പറായി മലയാളിതാരം സഞ്ജു സാംസണ്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം ഇഷാന്‍ കിഷനും പരിഗണനയിലുണ്ട്. സൂര്യകുമാര്‍യാദവും ഹാര്‍ദിക് പാണ്ഡ്യയും ഉറപ്പായും ടീമിലുണ്ടാകുമെന്ന് കരുതാം. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും. എന്നാല്‍ പ്ലെയിംഗ് ഇലവനെക്കുറിച്ച് കൂടുതല്‍ സൂചന നല്‍കാന്‍ നായകന്‍ ശിഖര്‍ ധവാന്‍ തയ്യാറായില്ല. പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കം ഉള്‍പ്പടെ നിരവധി പ്രതിസന്ധികളിലാണ് ശ്രീലങ്ക. കുശാല്‍ പെരേര പരിക്കേറ്റ് പുറത്തായതോടെ ദാസുന്‍ ഷനകയ്ക്കാണ് ലങ്കയെ നയിക്കാനുള്ള നിയോഗം. പ്രതിഭകള്‍ ഏറെയുണ്ടായിരുന്ന ലങ്കന്‍ ക്രിക്കറ്റിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴത്തെ ടീം. അതിനാല്‍ സമ്പൂര്‍ണ്ണ ആധിപത്യംതന്നെ ടീംഇന്ത്യ പ്രതീക്ഷിക്കുന്നു. മൂന്ന് വീതം ഏകദിനവും ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS