jeevan news online

വാർത്തകൾ വിശദമായി

ലൈംഗികാതിക്രമ കേസില്‍ അദ്ധ്യാപകന്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ചൂഷണംചെയ്തതായി സൂചന


ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വകലാശാല അദ്ധ്യാപകന്‍ ഡോ ഹാരിസ് കോടമ്പുഴ കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ചൂഷണംചെയ്തതായി സൂചന. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അദ്ധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ പരാതി നേരത്തെ ലഭിച്ചിട്ടും ഡോക്ടര്‍ ഹാരിസിനെതിരെ നടപടിയെടുക്കുന്നത് യൂനിവേഴ്‌സിറ്റി വൈകിച്ചെന്നും പരാതിയുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ഹാരിസ് കോടമ്പുഴക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. നിലവിലെ പരാതിക്കാരിയെ കൂടാതെ മറ്റു വിദ്യാര്‍ഥിനികളെയും അധ്യാപകന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തി. ഈ മാസം 5 നാണ് വിദ്യാര്‍ഥിനി യൂനിവേഴ്‌സിറ്റി ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്കിയത്. വെള്ളിയാഴ്ച പരാതി പോലീസിന് കൈമാറി. അന്നു തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപകനെതിരെ നടപടി എടുത്തതായി ആദ്യം സമ്മതിക്കാതിരുന്ന സര്‍വകലാശാല അധികൃതര്‍ ഇന്നലെ കേസ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായാല്‍ പരസ്യപ്രതിഷേധത്തിലേക്കിറങ്ങാന്‍ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

 










<

JEEVAN TV NEWS

JEEVAN TV NEWS