ഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീലിനെ തോല്‍പ്പിച്ചത്. ഇരുപത്തി രണ്ടാം മിനിട്ടില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. കോവിഡ് ഇരകള്‍ക്കുവേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മാരക്കാനയില്‍ ഫൈനല്‍ മത്സരത്തിന് ആദ്യവിസില്‍ മുുഴങ്ങിയത്. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ തന്നെ കളിയുടെ ആധിപത്യം അര്‍ജന്റീന കയ്യടക്കിയിരുന്നു. മത്സരത്തിന്റെ 22ആം മിനിട്ടിലാണ് ബ്രസീലിന്റെ ഹൃദയം തകര്‍ത്ത് അര്‍ജന്റീനയുടെ ആദ്യഗോള്‍ വരുന്നത്. പതിവ് നീലയും വെള്ളയും ജഴ്‌സിയിലായിരുന്നു അര്‍ജന്റീന. പരമ്പരാഗത മഞ്ഞക്കുപ്പായത്തില്‍ ബ്രസീലും. ഡി മരിയയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കോച്ച് സ്‌കലോണി ടീമിനെ വിന്യസിച്ചത്. ആദ്യപകുതിയില്‍ നിര്‍ണ്ണായകമായതും ആ മാറ്റം തന്നെയാണ്. ആദ്യ മിനിറ്റുകളില്‍ മധ്യനിരയിലായിരുന്നു ഇരുനിരകളുടെയും കളി. നെയ്മറും റിച്ചാലിസണും ചേര്‍ന്ന് നടത്തിയ ബ്രസീല്‍ മുന്നേറ്റങ്ങള്‍ അര്‍ജന്റീനയുടെ പ്രതിരോധമതിലില്‍ തട്ടി തകര്‍ന്നു. മറുവശത്ത് മെസ്സിക്കും ഡി മരിയയ്ക്കും ഫൈനല്‍ തേഡില്‍ താളം കണ്ടെത്താനായില്ല. അതിനിടെയാണ് 22ആം മിനിറ്റില്‍ ആതിഥേയരെ ഞെട്ടിച്ച് ഗോളെത്തിയത്. റോഡ്രിഗോ ഡി പോള്‍ സ്വന്തം ഹാഫില്‍നിന്ന് നല്‍കിയ നീളന്‍ പാസ് ഡിഫന്‍ഡര്‍ റെനാന്‍ ലോദിയെ മറികടന്ന് മരിയയുടെ കാലുകളില്‍. മരിയയുടെ ചിപ്പ് ബ്രസീലിന്റെ ഹൃദയം തകര്‍ത്ത് ഗോളിലേയ്ക്കും.