jeevan news online

വാർത്തകൾ വിശദമായി

മദ്യ വില്‍പനശാലകളിലെ തിരക്കില്‍ സര്‍ക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി


ബെവ്‌കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. മദ്യ വില്‍പനശാലകളിലെ തിരക്കു കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം എക്‌സൈസും ബെവ്‌കോയും പത്തു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.  ഹൈക്കോടതിക്ക് സമീപമുള്ള മദ്യ വില്‍പനശാലകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. രാജ്യത്ത് കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കും. മദ്യ വില്‍പനശാലകളില്‍ 500 പേര്‍ ക്യൂ നില്‍ക്കുന്നു. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ബെവ്‌കോയുടെ കുത്തകയാണ് മദ്യവില്‍പന. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്നും കോടതി ആരാഞ്ഞു. സംസ്ഥാനത്തെ മദ്യശാലകളിലെ തിരക്കു സംബന്ധിച്ച് ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് വിമര്‍ശനം. എക്‌സൈസ് കമ്മീഷണറും ബിവറേജസ് എം.ഡിയും കോടതിയില്‍ ഹാജരായിരുന്നു. കേസ് പരിഗണിക്കുന്നത് 16 ലേക്ക് മാറ്റി.
 

 










<

JEEVAN TV NEWS

JEEVAN TV NEWS