jeevan news online

വാർത്തകൾ വിശദമായി

കെ.എം. മാണി അഴിമതിക്കാരനെന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം രംഗത്ത്


കെ.എം. മാണി അഴിമതിക്കാരനെന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം രംഗത്ത്. ഇതേതുടര്‍ന്ന്, സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനോട് പാര്‍ട്ടി അടിയന്തിരമായി വിശദീകരണം തേടി. പാര്‍ട്ടി പ്രതിഷേധത്തിലായതോടെ ഇക്കാര്യത്തില്‍ ജോസ്.കെ.മാണിയുടെ നിലപാട് നിര്‍ണ്ണായകമാകും. തെരഞ്ഞെടുപ്പിലടക്കം വലിയ പരാതിയും എതിര്‍പ്പും എല്‍ഡിഎഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമായി വെളിപ്പെടുത്താതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെഎം മാണിയെ പരാമര്‍ശിച്ചപ്പോള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ മാണിക്കെതിരെ ഇടത് മുന്നണി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ഏറെ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഇടതേക്കെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്. സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെഎം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നത് തന്നെയാണ് ആവശ്യം. മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ്, ജോസ് എല്‍ഡിഎഫിലേക്കെത്തിയപ്പോള്‍ യുഡിഎഫ് നേതാക്കാള്‍ പരിഹസിച്ചത്. ഇന്നത്തെ സര്‍ക്കാര്‍ നിലപാടിനെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്. കേരളകോണ്‍ഗ്രസ് എമ്മിന് പാര്‍ട്ടിയോട് ആദരവും ബഹുമാനവുമുണ്ടെങ്കില്‍ രാഷ്ട്രീയപരമായ നിലപാടിലേക്കെത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടത്. മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പി.ജെ.ജോസഫ്  അഭിപ്രായപ്പെട്ടു. ജോസ് കെ മാണിയുടെയും എല്‍ഡിഎഫ് നേതാക്കളുടെയും ഇതുസംബന്ധിച്ച തീരുമാനം നിര്‍ണ്ണായകമാകും.

 










<

JEEVAN TV NEWS

JEEVAN TV NEWS