മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച പുഴയിലും അര്‍ജുനിന്റെ വീട്ടിലുമാണ് കസ്റ്റംസ് തെളിവെടുപ്പ് നടത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ചയെത്താനാണ് നിര്‍ദേശം. രാവിലെ എട്ടു മണിയോടെ കണ്ണൂര്‍ കസ്റ്റംസ് ഓഫിസില്‍ എത്തിച്ച അര്‍ജുന്‍ ആയങ്കിയെ ആദ്യം കൊണ്ടുപോയത് അഴീക്കോട് പൂട്ടിക്കിടക്കുന്ന ഉരു നിര്‍മാണ ശാലയിലേക്കായിരുന്നു. ഇവിടെയാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത് . തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട പുഴയുടെ തീരത്തെത്തിച്ചു. പുഴയില്‍ ആഴമില്ലാത്ത സ്ഥലത്ത് ഫോണ്‍ കളഞ്ഞെന്ന മൊഴി യുക്തിക്ക് നിരക്കാത്തതാണെന്നായിരുന്നു കസ്റ്റംസ് നിലപാട്. എന്നാല്‍ ഫോണ്‍ പുഴയില്‍ കളഞ്ഞു പോയി എന്നതില്‍ അര്‍ജുന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് അര്‍ജുനിനെ കപ്പക്കടവിലെ വീട്ടിലെത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി.
അര്‍ജുന്റെ വീട്ടില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയതായി കസ്റ്റംസ് അറിയിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകളാണ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും കിട്ടിയെന്നും കസ്റ്റംസ് പറഞ്ഞു.അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
കൊച്ചി കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
സ്വര്‍ണം തട്ടിയെടുക്കാന്‍ ടി പി വധക്കേസിലെ പ്രതികളുടെ സഹായം തേടിയെന്ന് അര്‍ജുന്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒളിവില്‍ കഴിയാനും ടി.പി കേസ് പ്രതികള്‍ സഹായിച്ചെന്നാണ് വിവരം. സ്വര്‍ണം തട്ടിയെടുക്കല്‍ സംഘത്തിലെ മുപ്പതു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം. കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അര്‍ജുനെ ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും.