jeevan news online

വാർത്തകൾ വിശദമായി

എല്ലാ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി


സംസ്ഥാനത്തുണ്ടായ എല്ലാ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി തുടങ്ങി. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട മരണങ്ങള്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും. 

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പേരുകള്‍ പുറത്തുവിടുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തിയത്. മരണപട്ടിക വിവാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് നിര്‍ത്തിയത്. കോവിഡ് മരണ കണക്കിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനമെന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അര്‍ഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കോവിഡ് മരണ പട്ടികക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും സമഗ്ര പുനപരിശോധനയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍. പട്ടികയില്‍നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് ഒറ്റപ്പെട്ട പരാതികളുയര്‍ന്നാല്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ആവര്‍ത്തിച്ചു. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ചശേഷം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സുപ്രിംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവന്‍മരണവും സമഗ്ര പരിശോധന നടത്തി പുതിയപട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആവശ്യം. എല്ലാം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

 










<

JEEVAN TV NEWS

JEEVAN TV NEWS