jeevan news online

വാർത്തകൾ വിശദമായി

മരം മുറി വിവാദത്തില്‍ പഴുതടച്ച അന്വേഷണം; മന്ത്രി എകെ ശശീന്ദ്രന്‍


മരം മുറി വിവാദത്തില്‍ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കേസില്‍ സര്‍ക്കാര്‍ നിലപാട് ശക്തമായതിനാലാണ് പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടാത്തത്. വനം വകുപ്പിന്റെ റിപ്പോര്‍ട്ട് മാത്രമല്ല മറ്റ് വകുപ്പുകളുടെ റിപ്പോര്‍ട്ടും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ വനമഹോത്സവം പരിപാടിയില്‍, മന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുട്ടില്‍ മരംമുറി കേസിലെ കുറ്റാരോപിതനായ എന്‍ടി സാജനും ഉണ്ടായിരുന്നു. വനം മന്ത്രിയും ആരോപണ വിധേയനായ മന്ത്രിയും ഒരേ പരിപാടിയില്‍ ഒരുമിച്ചെത്തിയത് വിവാദമാവുകയാണ്. മരംകൊള്ള അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡപ്യൂട്ടി കണ്‍സര്‍വേറ്ററായ എന്‍ടി സാജന്‍. യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും പങ്കെടുത്തിരുന്നു. എന്നാല്‍ കുറ്റാരോപിതനൊപ്പം വേദി പങ്കിട്ടെന്ന് കരുതി, ആര്‍ക്കും യാതൊരു ആനുകൂല്യവും കേസില്‍ ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോപണ വിധേയനായ സാജന്‍ ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്നും മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ആരോപണ വിധേയന്‍ പങ്കെടുത്തെന്ന് കരുതി രക്ഷപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS