jeevan news online

വാർത്തകൾ വിശദമായി

യൂറോ കപ്പ് ക്വാര്‍ട്ടര്‍; സ്‌പെയിന്‍ v/s സ്വിറ്റ്‌സര്‍ലാന്‍ഡ്


യൂറോ കപ്പ് ക്വാര്‍ട്ടറിലെ ആദ്യമത്സരത്തില്‍ സ്‌പെയിന്‍ ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരിടും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മത്സരം. രാത്രി പന്ത്രണ്ടരയ്ക്കാണ് ബെല്‍ജിയം - ഇറ്റലി പോരാട്ടം.ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ പോരിനെത്തുന്നത്. ക്രൊയേഷ്യയെ ഗോള്‍മഴയില്‍ മുക്കി സ്‌പെയിനും വരുന്നു. യൂറോയുടെ ചരിത്രത്തിലാദ്യമായി ഇരുവരും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് കൗതുകം. ഈ യൂറോയില്‍ ഒരുമത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയ ഒരേയൊരു ടീം സ്‌പെയിനാണ്. അതും രണ്ട് തവണ. സ്വിറ്റ്‌സര്‍ലന്‍ഡ് കരുതിയിരിക്കുന്നതും ഈ കണക്ക് തന്നെയാകും. എന്നാല്‍ ഫ്രാന്‍സിനെ വിറപ്പിച്ചെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനെ സ്‌പെയിന് എഴുതിത്തള്ളാനാവില്ല. നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിന്റെയും ജോര്‍ഡി ആല്‍ബയുടേയും പരിചയസമ്പത്തിന്റെ ഊര്‍ജം സ്‌പെയ്‌നിന് കരുത്താകും. 2012ല്‍ യൂറോ നേടിയ ടീമിലെ അനുഭവം ഇരുവരും ക്വാര്‍ട്ടറില്‍ പുറത്തെടുത്താല്‍ വ്‌ളാഡിമിര്‍ പെറ്റ്‌കോവിച്ചിന്റെ സംഘത്തിന് മടങ്ങേണ്ടിവരും. സസ്‌പെന്‍ഷനായതിനാല്‍ നായകന്‍ ഷാക്ക പുറത്തിരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡിന് കനത്ത പ്രഹരമാണ്. ഷഖീരിയുടെയും സെഫറോവിച്ചിന്റെയും ഫോമിലൂടെ ഇത് മറികടക്കാമെന്ന് ചെമ്പട കരുതുന്നു. സ്വിസ് നിരയിലെ ഏഴ് താരങ്ങള്‍ കൂടി ഓരോ മഞ്ഞ കാര്‍ഡുമായി സസ്‌പെന്‍ഷന്‍ ഭീഷണി നേരിടുന്നുണ്ട്. സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടുന്ന ഇരുപത്തിമൂന്നാമത്തെ മത്സരമാണിത്. പതിനാറ് കളിയിലും സ്‌പെയിനായിരുന്നു ജയം. സ്വിറ്റ്‌സര്‍ലന്‍ഡിന് ഇതുവരെ ജയിക്കാനായത് ഒറ്റക്കളിയില്‍ മാത്രം. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ യുവേഫ നാഷന്‍സ് ലീഗിലാണ് ഏറ്റവും ഒടുവില്‍ മുഖാമുഖം വന്നത്. അന്ന് ഇരുടീമും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS