jeevan news online

വാർത്തകൾ വിശദമായി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്


സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെയുള്ള വിവാദവിഷയങ്ങള്‍ ചര്‍ച്ചയാകും.
രാമനാട്ടുകര സ്വര്‍ണ്ണക്കവര്‍ച്ചക്കേസിലെ പ്രധാനകണ്ണികള്‍ സി.പി.എം നേതാക്കളാണെന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വെയ്ക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം നിലപാട്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും. പുതിയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ സൂസന്‍ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാതലത്തില്‍ തെരഞ്ഞെടുപ്പ് റിവ്യു പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്ഥാനതല റിപ്പോര്‍ട്ടിനും അന്തിമരൂപം നല്‍കും. ജില്ലാ റിവ്യുകളില്‍ ആലപ്പുഴയില്‍ ജി.സുധാകരനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. മറ്റ് ജില്ലകളിലെ വിഷയങ്ങളും സംസ്ഥാനനേതൃത്വം പരിശോധിക്കും. പാര്‍ട്ടിക്കുള്ളിലെ എതിര്‍ചേരിയുടെ നീക്കങ്ങളില്‍ തീര്‍ത്തും പ്രതിരോധത്തിലാണ് മുതിര്‍ന്നനേതാവ് ജി. സുധാകരന്‍. തനിക്ക് പകരക്കാരനായി അമ്പലപ്പുഴയില്‍ ജയിച്ചുകയറിയ എച്ച്. സലാം ഉള്‍പ്പടെ അതിരൂക്ഷമായാണ് ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ പോരായ്മകളില്‍ തുടങ്ങി, പൊളിറ്റിക്കല്‍ കൊറോണ എന്ന പരാമര്‍ശംപോലും സുധാകരനെതിരെ നേതാക്കള്‍ നടത്തി. സംഘടിതമായ ആക്രമണത്തില്‍ ജി.സുധാകരനും അനുകൂലികളും ഏറെ പ്രതിരോധത്തിലാണ്. വിമര്‍ശനങ്ങള്‍ കേട്ട സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍, എല്ലാം പാര്‍ട്ടി പരിശോധിക്കുമെന്ന ഉറപ്പുനല്‍കിയാണ് ആലപ്പുഴയില്‍നിന്ന് മടങ്ങിയത്. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വം എന്ത് തീരുമാനമെടുക്കുമെന്നതാണ് പ്രധാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS