jeevan news online

വാർത്തകൾ വിശദമായി

ജമ്മുവിലെ ഭീകരാക്രമണം;ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി


ജമ്മുവിലെ ഡ്രോണ്‍ ഭീകരാക്രമണത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിരോധ ആഭ്യന്തരമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുത്തു. ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് യോഗം നല്‍കി. അതിര്‍ത്തികളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിയായിരിക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം . ലഡാക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കി എത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് മേഖലയിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു ആക്രമണത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌നാഥ് സിങ്ങിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, എന്നിവരും പങ്കെടുത്തു. പുതിയ ആക്രമണ രീതിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. സൈന്യത്തില്‍ വരുത്തേണ്ട ആധുനികവല്‍ക്കരണം, അടിയന്തിര മാറ്റങ്ങള്‍, എന്നിവയെ കുറിച്ചും ചര്‍ച്ച നടന്നതായാണ് സൂചന. മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി ഉന്നത വ്യോമസേന ഉദ്യോഗസ്ഥരെ രാജ്‌നാഥ് സിങ്ങ് കണ്ടിരുന്നു. ഭീകരാക്രമണങ്ങള്‍ക്കെതിരായ ഐക്യരാഷ്ട്രസഭയുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കര്‍ശനമാക്കിയത്. ഇത്തരം ആക്രമണങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നുവെന്ന് ഇന്ത്യ തുറന്നടിച്ചു. ഇതിനെതിരെ യോജിച്ച പ്രവര്‍ത്തനമുണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാന് ഡ്രോണ്‍ ഉപയോഗത്തിന് ചൈനയുടെ സഹായം കിട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യ ഈക്കാര്യം ഉന്നയിച്ചത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS