jeevan news online

വാർത്തകൾ വിശദമായി

നിയമസഭാ കയ്യാങ്കളികേസ്; സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും


നിയമസഭാ കയ്യാങ്കളികേസ് പിന്‍വലിക്കാന്‍ അനുമതിതേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. കേസ് പിന്‍വലിക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍വാദം. കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യഇടപെടല്‍ മൂലമാണ് പ്രോസിക്യൂട്ടര്‍ ഈ തീരുമാനമെടുത്തതെന്ന് തെളിയിക്കാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവത്തില്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സ്പീക്കറുടെ അനുമതിയില്ലാതെ, നിയമസഭാസെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ട് കേസ് നിലനില്‍ക്കില്ല. എംഎല്‍എമാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ആ അവകാശമാണ് എംഎല്‍എമാര്‍ വിനിയോഗിച്ചതെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം 
സൃഷ്ടിച്ച കേസില്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം ആറ് ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിയസഭയില്‍ കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയായിരുന്നു സംഭവം. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം മറിച്ചിടുകയായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS