jeevan news online

വാർത്തകൾ വിശദമായി

ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണനില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് മൊഴിയെടുക്കും


ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് മൊഴിയെടുക്കും. കേസന്വേഷണത്തിനായി ഡെല്‍ഹിയില്‍നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തി. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ കോവിഡ് കാലത്തും മിന്നല്‍ വേഗത്തില്‍ അന്വേഷണം നടത്താനാണ് സിബിഐ നീക്കം. ചാരക്കേസിലെ ഗൂഢാലോചനയുടെ ചുരുളഴിക്കുകയാണ് അന്വേഷണ സംഘത്തിന്റെ മുഖ്യ ലക്ഷ്യം. നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കുന്നതിന് പുറമേ ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയിലുള്ള പതിനെട്ട് പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. ഇതില്‍ കേസിലെ നാലാം പ്രതിയായ മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ കൂടിയായ സിബി മാത്യൂസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കുന്നുണ്ട്. ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പ്രതികള്‍ക്കെല്ലാം ഉടന്‍ നോട്ടീസയയ്ക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. അന്വേഷണം മാലിദ്വീപിലേക്കും നീളും. പൊലീസിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉന്നതഉദ്യോഗസ്ഥര്‍ പ്രതികളായ 27വര്‍ഷം മുന്‍പുള്ള ഗൂഢാലോചനയാണ് സി.ബി.ഐയ്ക്ക് തെളിയിക്കേണ്ടത്. ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പരിശോധിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS