jeevan news online

വാർത്തകൾ വിശദമായി

ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടു, അറസ്റ്റ് രേഖപ്പെടുത്തിയില്ല.


 

രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐഷ സുല്‍ത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടു. മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് അറിയിച്ചു


'സേവ് ലക്ഷദ്വീപ്' സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ 'ബയോ വെപ്പണ്‍' പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് അയ്ഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്.വ്യാഴാഴ്ച അയ്ഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ശേഷമായിരുന്നു കോടതി അയ്ഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരാഴ്ചത്തേക്കാണ് അയ്ഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്..ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച 'ബയോ വെപ്പണ്‍' ആണെന്നായിരുന്നു അയ്ഷ സുല്‍ത്താന പറഞ്ഞത്. എന്നാല്‍ പ്രസ്താവന പിന്‍വലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ മൂലം വലിയ രീതിയില്‍ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പണ്‍ എന്ന പരാമര്‍ശം നടത്തിയതെന്നും, അത് ബോധപൂര്‍വമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയും ചെയ്തു.എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ മോശം പരാമര്‍ശം നടത്തിയ അയ്ഷ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ പരാതിയില്‍ ആരോപിക്കുന്നത്.എന്നാല്‍ ബിജെപി അധ്യക്ഷന്റെ ഈ പരാതിക്കെതിരെ ലക്ഷദ്വീപിലെ ബിജെപിയില്‍ത്തന്നെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലും പരാതിയിലും പ്രതിഷേധിച്ച് പന്ത്രണ്ടിലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.
 

 

 










<

JEEVAN TV NEWS

JEEVAN TV NEWS