jeevan news online

വാർത്തകൾ വിശദമായി

കുവൈത്തില്‍ വിദേശികളുടെ പ്രവേശന വിലക്ക് നീളുമെന്ന് റിപ്പോര്‍ട്ട്


കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കുവൈത്തില്‍ വിദേശികളുടെ പ്രവേശന വിലക്ക് നീളുമെന്ന് റിപ്പോര്‍ട്ട്.ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്തിനകത്തേക്ക് എത്തുന്നത് തടയാന്‍ വിദേശികളുടെ പ്രവേശന വിലക്ക് തല്‍ക്കാലം നീക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം 

കുവൈത്തില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ 6,130 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.കുവൈത്തിലേക്ക് വരാനിരിക്കുന്ന വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. മറ്റു വിവിധ രാജ്യങ്ങളിലും കോവിഡ് വൈറസിന്റെ വ്യാപന ശേഷി കൂടുതലുള്ള വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്ന് പ്രവേശനം അനുവദിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധ നിര്‍ദേശം. ഈ മാസം അവസാനത്തോടെ കുവൈത്ത് വിമാനത്താവളം സജീവമാകുമെന്ന ഉപപ്രധാനമന്ത്രി ശൈഖ് ഹമദ് ജാബിര്‍ അലി അസ്സബാഹിന്റെ പ്രസ്താവനയില്‍ ആശ്വാസംകൊണ്ട് കഴിയുകയായിരുന്നു അവധിക്ക് നാട്ടില്‍ പോയി കുടുങ്ങിയ നിരവധി പ്രവാസികള്‍.

ജോലി സംബന്ധമായി അടിയന്തരമായി തിരിച്ചെത്തേണ്ടവരാണ് മിക്കവാറും പേര്‍.  മാസങ്ങളായി നാട്ടില്‍ കുടുങ്ങിയവര്‍ ജോലിയും വരുമാനവുമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടും മാനസിക പിരിമുറുക്കവും അനുഭവിക്കുകയാണ്.   തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍.  കുവൈത്തിലുള്ള പ്രവാസികളും വിമാന സര്‍വിസ് സാധാരണ നിലയിലാകുന്നതും കാത്തിരിക്കുകയാണ്. ദീര്‍ഘനാളായി നാട്ടില്‍ പോകാത്തതിന്റെയും ജോലിഭാരത്തിന്റെയും പിരിമുറുക്കം അവര്‍ക്കുമുണ്ട്. കുവൈത്തിലെ ബിസിനസ് രംഗം സജീവമാകണമെങ്കിലും വിമാന സര്‍വിസ് സജീവമാകണം.

 










<

JEEVAN TV NEWS

JEEVAN TV NEWS