jeevan news online

വാർത്തകൾ വിശദമായി

ചരിത്രനേട്ടത്തില്‍ യുഎഇ; അഭിമാനകരമെന്ന് ഭരണകൂടം


യു.എന്‍ രക്ഷാസമിതിയില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും താല്‍കാലിക അംഗത്വം നേടി യു.എ.ഇ. 2022 - 23 വര്‍ഷത്തേക്കാണ് യു.എ.ഇ അടക്കം അഞ്ച് രാജ്യങ്ങളെ വോട്ടെടുപ്പിലൂടെ യു.എന്‍ പൊതുസഭ തെരഞ്ഞെടുത്തത്. 1986- 87 കാലത്താണ് സുപ്രധാനമായ പദവി മുമ്പ് യു.എ.ഇ വഹിച്ചത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വോട്ടുനേടി വിജയിക്കാനായത്‌രാജ്യത്തിന്റെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. രക്ഷാസമിതി അംഗത്വം യു.എ.ഇയുടെ അന്താരാഷ്ട്ര തലത്തിലെ സ്ഥാനവും വികസന മോഡലിന് ലഭിച്ച അംഗീകാരവും പ്രതിഫലിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററില്‍ പ്രതികരിച്ചു.

രക്ഷാ സമിതിയില്‍ സജീവവും ക്രിയാത്മകവുമായ ഇടപെടുലകള്‍ നടത്തുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന സിയാദിന്റെ നേതൃത്വത്തിലെ നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. പൊതുസഭയില്‍ വോട്ടെടുപ്പിന് മുമ്പായി സംസാരിച്ച യു.എന്നിലെ അംബാസിഡര്‍ ലാന നസീബ, യു.എ.ഇക്ക് ലോകത്തിന് ധാരാളം സംഭാവനകളര്‍പ്പിക്കാനുണ്ടെന്ന പ്രതീക്ഷ പങ്കുവെച്ചു. ചലനാത്മകവും ദീര്‍ഘവീക്ഷണവുമുള്ള ഒരു രാജ്യമാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞു. ഏഷ്യാ  പസിഫിക് മേഖലയെ പ്രതിനിധീകരിച്ച് അടുത്ത വര്‍ഷം ജനുവരി മുതലാണ് യു.എ.ഇക്ക് സ്ഥാനം ലഭിക്കുക.

നിലവില്‍ തുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി. ഓരോ വര്‍ഷവും അഞ്ച് രാജ്യങ്ങള്‍ വീതമാണ് സമിതിയിലെ താല്‍കാലിക അംഗത്വത്തിലേക്ക് വരുന്നത്. യു.എ.ഇക്കൊപ്പം അല്‍ബേനിയ, ബ്രസീല്‍, ഗാബോണ്‍, ഘാന എന്നീ രാജ്യങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ അഞ്ച് സ്ഥിരാംഗങ്ങളും 10താല്‍കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാസമിതി. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവയാണ് സ്ഥിരാംഗങ്ങള്‍. നിലവില്‍ ഇന്ത്യയും താല്‍കാലിക അംഗമാണ്.










<

JEEVAN TV NEWS

JEEVAN TV NEWS