140 നിയമസഭാ മണ്ഡലങ്ങളിലായി പോര്‍ക്കളത്തിലുള്ള 957 സ്ഥാനാര്‍ത്ഥികളുടെ വിധി കുറിക്കാന്‍ 2.74 കോടി വോട്ടര്‍മാര്‍ ആണ് ബൂത്തുകളിലേക്ക് എത്തുന്നത്. നക്സല്‍ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. രാഷ്ട്രീയ വിവാദങ്ങളും മൂര്‍ച്ചയേറിയ ആരോപണ പ്രത്യാരോപണങ്ങളും വെടിക്കെട്ടു തീര്‍ത്ത പ്രചാരണകാലം കടന്നാണ് സംസ്ഥാനചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിന് നാട് ഭാഗമാകുന്നത്. തുടര്‍ഭരണമുറപ്പിക്കാന്‍ എല്‍.ഡി.എഫും, പിടിച്ചെടുക്കാന്‍ യു.ഡി.എഫും, നിര്‍ണായക ശക്തിയാകാന്‍ എന്‍.ഡി.എയും ഇഞ്ചോടിഞ്ച് പൊരുതുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിമാരും പ്രതിപക്ഷ നേതാവും മത്സരരംഗത്തുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്ത് ആരെയുള്ള 40,771ബൂത്തുകളില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള 298 എണ്ണം നക്സല്‍ ബാധിത മേഖലകളിലാണ്. ഇവിടങ്ങളില്‍ ഉള്‍പ്പടെ പ്രശ്നസാദ്ധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട് ഇരട്ട വോട്ട് പ്രശ്നമുള്ളതിനാല്‍ 60 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. കാഴ്ചപരിമിതരായ വോട്ടര്‍മാര്‍ക്കായി ബ്രെയില്‍ സ്ളിപ്പുകള്‍ വിതരണം ചെയ്യും. എല്ലാ ബൂത്തിലും ഇത്തരം ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്തുണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ഇതില്‍ ട്രയല്‍ ചെയ്യാം. ഇത്തരം 45,000 ഡമ്മി ബ്രെയില്‍ സ്ളിപ്പുകള്‍ എത്തിച്ചിട്ടുണ്ട്. ഇരട്ടവോട്ട് തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ടവോട്ട് ലിസ്റ്റിലുള്ളയാളുടെ വിരലടയാളവും ഫോട്ടോയും എടുക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്യൂ എന്ന സത്യവാങ്മൂലവും വാങ്ങും. വിരലിലെ മഷി ഉണങ്ങിയ ശേഷമായിരിക്കും ബൂത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുക. കൊവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കും. ക്രമത്തിലധികം ശരീരതാപമുള്ളവരെ മാറ്റി നിറുത്തി, ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതലായാല്‍ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.