എയ്ഡഡ് കോളേജ് അധ്യാപകനിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടെന്ന് കാട്ടി മന്ത്രി കെ.ടി.ജലീലിനെതിരെ പരാതി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗംചേര്‍ന്ന് നിര്‍ദ്ദേശം നല്‍കിയത് ചട്ടലംഘനമണെന്നാണ് ആരോപണം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്.
ഒരു പഠനവിഭാഗത്തില്‍ നിയമിച്ച അധ്യാപകനെ മറ്റൊരുവിഭാഗത്തിലേക്ക് മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ, ഇത് മറികടക്കാന്‍ മന്ത്രിതന്നെ ഇടപെട്ട് യോഗംവിളിച്ച് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് പരാതി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ ലാറ്റിന്‍ പഠനവിഭാഗത്തില്‍ നിയമിക്കപ്പെട്ട അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റുന്നതില്‍ ഉചിതമായ നടപടി സ്വീകരിക്കാനാണ് കേരള സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപേക്ഷകനായ അധ്യാപകന് ഫാദര്‍ വി.വൈ ദാസപ്പനെകൂടി പങ്കെടുപ്പിച്ചാണ് സര്‍വകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി 7ന് മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുകൂട്ടിയത്. നേരത്തെ ഈ അപേക്ഷ സര്‍വവകലാശാല നിരസിച്ചിരുന്നു. സര്‍വ്വകലാശാല ചട്ടവും ഇത്തരത്തില്‍ പഠനവിഭാഗം മാറ്റുന്നതിനെതിരാണ്. ലാറ്റിന്‍ വിഭാഗത്തില്‍ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിന്‍സിപ്പലായതോടെ ലാറ്റിന്‍ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠനവകുപ്പ് മാറ്റാന്‍ ശ്രമിക്കുന്നത്. ലാറ്റിന്വിഭാഗത്തില് സ്ഥിരംഅധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേയ്ക്ക് മാറ്റിയുള്ള പരിഹാരം. മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം അധ്യാപകരെ വിഷയംമാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ ഇത് കീഴ്വഴക്കമായി മാറുമെന്നും സെലക്ഷന് കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പരാതിയില്‍ പറയുന്നു. ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം.