ഐഎസ്എല്ലില്‍ ഹൈദരാബാദിനോട് തോറ്റ് കേരളബ്ലാസ്റ്റേഴ്സ് പുറത്തേയ്ക്ക്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. വമ്പന്‍ തോല്‍വിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെയും പുറത്താക്കി.
സീസണിലെ ടീമിന്റെ ദയനീയ പ്രകടനമാണ് പരിശീലകന് കിബു വികൂനയ്ക്ക് തിരിച്ചടിയായത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് എഫ്സിക്കെതിരെയും വമ്പന്‍ തോല്‍വിയാണ് പിണഞ്ഞത്. സീസണില്‍ 18 മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. എതിരില്ലാത്ത നാല് ഗോളിനാണ് അവസാനമത്സരത്തില്‍ ഹൈദരാബാദിനു മുന്നില്‍ കൊമ്പന്മാര് അടിയറവ് പറഞ്ഞത്. ഇരട്ടഗോളോടെ ഫ്രാന് സന്‍ഡാസയും അരിഡാനെ സന്റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിട്കറുമാണ് ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചത്. ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. പതിവുപോലെ ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്. ജയത്തോടെ 18 കളികളില്‍ 27 പോയന്റുമായി ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 18 കളികളില്‍ 16 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.