പ്രതികളെ വിട്ടയച്ച വിചാരണ കോടതി വിധി ജനുവരി 6ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ വേണമെന്നും പുനരന്വേഷണത്തിന് വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2017 ജനുവരി 13നാണ് പതിമൂന്ന് വയസുകാരിയും മാർച്ച് നാലിന് പതിമൂന്നുകാരിയുടെ മരണത്തിന് ഏക സാക്ഷിയായ അനുജത്തിയായ ഒൻപത് വയസുകാരിയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം മുതൽ വിചാരണ വരെ സർക്കാർ ഏറെ പഴികേട്ട കേസാണ് ഒടുവിൽ സിബിഎെക്ക് വിടാൻ തീരുമാനമായിരിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെയും വിചാരണക്കോടതിക്കെതിരെയും രൂക്ഷ വിമർശനം നടത്തിയാണ് വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ആത്മഹത്യയിൽ പൊലീസിൻറെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തൽ. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് മരിച്ച പെൺകുട്ടികളുടെ കുടുംബം നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസ് സിബിഐ.ക്ക് വിട്ടുകൊണ്ടുള്ള സർക്കാർ നടപടി.