jeevan news online

വാർത്തകൾ വിശദമായി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇരുന്നൂറോളം പേജുകളും അറുപത് സാക്ഷികളും ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്.
ഒന്നരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. രാജ്കുമാറിന്റെ മരണം ന്യുമോണിയ മൂലമാണെന്ന് തെളിയിക്കാനുള്ള പൊലീസ് ശ്രമം പൊളിഞ്ഞത് ജുഡീഷ്യല്‍ കമ്മീഷന്റെ വരവോടെയായിരുന്നു. 2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. നാലുദിവസത്തെ ക്രൂരമര്‍ദ്ദനത്തിനൊടുവില്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യം വഷളായ രാജ്കുമാര്‍ ജൂണ്‍ 21ന് ജയിലില്‍ വെച്ചാണ് മരിക്കുന്നത്.  ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ ബന്ധുക്കള്‍ പൊലീസിനെതിരെ രംഗത്തെത്തിയതോടെ െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള 7 പൊലീസുകാരെ അറസ്റ്റുചെയ്തു. പിന്നീട്, ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ  മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം ചെയ്തു. രാജ്കുമാറിന്റെ മരണം ന്യുമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോര്‍ട്ട്. ആദ്യ സര്‍ജന്‍മാര്‍ മനപ്പൂര്‍വം കൃത്രിമം കാണിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി. ഒന്നര വര്‍ഷത്തിനിടെ 200 ലധികം പേരില്‍ നിന്നാണ് കമ്മീഷന്‍, ഇടുക്കിയിലും കൊച്ചിലെ കമ്മീഷന്‍ ഓഫീസില്‍ നിന്നുമായി തെളിവെടുത്തത്. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യം, കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണവും അന്തിമഘട്ടത്തിലാണ്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍
 










<

JEEVAN TV NEWS

JEEVAN TV NEWS