jeevan news online

വാർത്തകൾ വിശദമായി

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേയ്ക്ക് ഇരച്ചുകയറി.


തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേയ്ക്ക് ഇരച്ചുകയറി. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവെപ്പില്‍ ഒരുസ്ത്രീ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. 
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യന്‍സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെയ്ക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.  പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. 
Hold Visual Ambience
ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ മന്ദിരത്തിനകത്ത് കടക്കുന്നത് തടയാനായില്ല. ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ മന്ദിരത്തിനുള്ളിലേക്ക് ഇടിച്ചുകയറി. 
അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് നിറയൊഴിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാര്‍ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോള്‍ വളഞ്ഞത്. പാര്‍ലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോബൈഡന്‍ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാന്‍ അനുകൂലികള്‍ക്ക് നിര്‍ദ്ദേശംനല്‍കണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 
വീഡിയോ സന്ദേശത്തില്‍ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായില്ല.
 
ഇന്റര്‍നാഷണല്‍ ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS