jeevan news online

വാർത്തകൾ വിശദമായി

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്ത്യാഞ്ജലി.


കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്ത്യാഞ്ജലി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്നലെരാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌ക്കാരസമയം ഇന്ന് തീരുമാനിക്കും.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. നങ്ങ്യാര്‍കുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലാപന ശൈലികൊണ്ട് മലയാളി ഹൃദയം കീഴടക്കിയ കവിയാണ് അനില്‍ പനച്ചൂരാന്‍. നിസ്വാര്‍ഥമായ എഴുത്തിലൂടെ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത് പ്രണയത്തിന്റെ ആര്‍ദ്രതയും വിപ്ലവത്തിന്റെ തീക്ഷ്ണതയും വിരഹത്തിന്റെ നൊമ്പരവും ആയിരുന്നു.
കവിയരങ്ങുകള്‍ പരുക്കന്‍ ശബ്ദംകൊണ്ട് ചൊല്ലിക്കൊഴിപ്പിച്ച താടിക്കാരന്‍. സൗഹൃദക്കൂട്ടങ്ങള്‍ അയാള്‍ക്കൊപ്പം കൂടെ കയ്യടിച്ച് പാടി. അപ്പോഴേക്കും കാസറ്റുകളിലൂടെ നാടെങ്ങും ചെറുപ്പക്കാര്‍ക്ക് അനില്‍ ഹരമായി മാറി. കവിതയെ പുതുതലമുറ വിസ്മരിച്ചുവെന്നത് വെറും മിഥ്യാധാരണ മാത്രമാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അനില്‍ പനച്ചൂരാന്‍കവിതകള്‍ യുവത്വം തുളുമ്പുന്ന ക്യാമ്പസ് ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചത്. കാല്‍പനികതയുടെ നഷ്ടവസന്തം അങ്ങനെ ഒരിക്കല്‍ക്കൂടി മലയാളത്തില്‍ പടര്‍ന്നു പന്തലിച്ചു. അനില്‍ പുതുകാലത്തിന്റെ കവിയുമായി. ഞാനാണ് കര്‍ണന്‍ കരയുന്ന അവര്‍ണന്‍ എന്ന് പറഞ്ഞ വരികളിലെ രാഷ്ട്രീയം പാടിപ്പറഞ്ഞ കവിയെ കേരള മണ്ണ് പെട്ടെന്നൊന്നും മറക്കില്ല. മൂര്‍ച്ചയും ചേര്‍ച്ചയുമുള്ള വാക്കുകളാല്‍ ആസ്വാദക ഹൃദയങ്ങളില്‍ വിസ്മയമായി അനില്‍പനച്ചൂരാന്‍ നിറഞ്ഞുനിന്നു.
മലയാളത്തിലെ മികച്ച പ്രണയകവിതകള്‍ അനിലിന്റെ തൂലിക തുമ്പില്‍നിന്നും വിരിഞ്ഞു. ആ വരികളൊക്കെയും ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങള്‍ക്കും പ്രണയ നഷ്ടങ്ങള്‍ക്കും കൂട്ടിരുന്നു. ഒടുവില്‍ കനവില്‍ ഓമനിക്കാന്‍ ഒരുപിടി കവിതകള്‍ ബാക്കിയാക്കിയാണ് അനില്‍ പനച്ചൂരാന്‍ യാത്രയാകുന്നത്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS