കോവിഡ് വ്യാപനം കുറഞ്ഞ് ബസുകളിൽ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള ശുപാർശ കെ.എസ്.ആർ.ടി.സി മുന്നോട്ട് വച്ചത്. എന്നാൽ അതിനുള്ള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് മാത്രം നിരക്ക് കുറയ്ക്കും. പഴയ നിരക്ക് പുനസ്ഥാപിച്ചാൽ സ്വകാര്യ ബസ് സമരമുൾപ്പെടെയുള്ള പ്രതിഷേധവും സർക്കാർ കണക്കിലെടുക്കുന്നു. നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാർശ നൽകയട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ദീർഘദൂര സർവീസുകളിൽ ആള് കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള വരുമാനവർധനയുണ്ടായിട്ടില്ല. ഇന്ധനവില വർധന കണക്കാക്കി കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിർത്തുന്നതാകുമെന്നാണ് സർക്കാർ തീരുമാനം. നിരക്ക് പരിഷ്കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് പുതിയ റിപ്പോർട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.