കര്‍ഷകസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപവാസമിരുന്നും രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിച്ചും പ്രതിഷേധം വ്യാപിപ്പിച്ചും കര്‍ഷക സംഘടനകള്‍. രാജ്യത്തെ 341 ജില്ലകളില്‍ പ്രക്ഷോഭം നടന്നതായി ആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.അതേസമയം കേന്ദ്ര കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഡെല്‍ഹിയിലേക്കുള്ള ഡെല്‍ഹി ജയ്പുര്‍ ദേശീയപാതയും ആഗ്രഡെല്ഹി എക്സ്പ്രസ് പാതയും കര്‍ഷകര്‍ ഉപരോധിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹിയിലേക്കു പുറപ്പെട്ടതായും നേതാക്കള്‍ അറിയിച്ചു.സമരകേന്ദ്രമായ ഡെല്‍ഹിയിലെ സംയുക്ത കിസാന്‍ യൂണിയന്റെ നാല്പത് നേതാക്കള്‍ ഉപവാസം നടത്തി. സിംഘു അതിര്‍ത്തിയില്‍ 25 നേതാക്കളും തിക്രി അതിര്‍ത്തിയില്‍ 10 നേതാക്കളും യു.പി അതിര്‍ത്തിയില്‍ അഞ്ചു നേതാക്കളുമാണ് ഉപവസിച്ചത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു നിരാഹാരം. ഡെല്‍ഹി അതിര്‍ത്തിയില്‍ ഡെല്‍ഹി പൊലീസിന് പുറമെ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥികളും വനിതകളുമൊക്കെ ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങി. ഡെല്‍ഹിയിലെ ഷഹീദ്പാര്ക്കില് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒത്തുകൂടി. ജയ്പുര്‍ ദേശീയപാത തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്തംഭിക്കുന്നത്. ഡെല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഞായറാഴ്ച ഷാജഹാന്‍പുരില്‍ തടഞ്ഞതിനെ തുടര്‍ന്ന് അവിടെ ധര്‍ണയിരിക്കുകയാണ് സമരക്കാര്‍.പഞ്ചാബില്‍ ലുധിയാന, പട്യാല, സാംഗ്രൂര്‍, ബര്‍ണാല, ഭട്ടിന്‍ഡ, മോഗ, ഫരീദ്കോട്ട്, ഫിറോസ്പുര്‍, തണ് തരാന്‍ തുടങ്ങിയ ജില്ലകളിലൊക്കെ പ്രതിഷേധം നടന്നു. പഞ്ചാബിനെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ തമ്പടിച്ചതോടെ അംബാലപട്യാല ദേശീയപാത പൊലീസ് അടച്ചു. ഹരിയാനയില്‍ ഫത്തേബാദ്, ജിന്ദ്, സിര്‍സ, കുരുക്ഷേത്ര, ഗുഡ്ഗാവ്, ഫരീദാബാദ്, ഭിവാനി, കൈത്തല്‍, അംബാല തുടങ്ങിയിടങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായി. ഫത്തേബാദില്‍ ട്രാക്ടര്‍ പ്രകടനവും നിരാഹാരവുമുണ്ടായി. ബീഹാറിലെ പാട്ന, സഹര്‍സ, ബേഗുസരായ്, ബേട്ടിയ, ദര്‍ഭംഗ തുടങ്ങിയ സ്ഥലങ്ങളിലും ഹിമാചല്‍ പ്രദേശിലെ ഷിംല, സൊളാന്, ഒഡിഷയിലെ ഭുവനേശ്വര്‍, തമിഴ്നാട്ടിലെ തേനിയടക്കമുള്ള ജില്ലകളിലും കര്ഷകപ്രക്ഷോഭങ്ങള് നടന്നതായി നേതാക്കള്‍ അറിയിച്ചു. ആള് ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള പത്തു കര്‍ഷകസംഘടനകളുടെ നേതാക്കള്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
നാഷണല്‍ ഡെസ്ക്ക് ജീവന്