64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. 2022 ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശം.
ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ. സെൻട്രൽ വിസ്ത പദ്ധതി പ്രകാരം നിലവിലുള്ള പാർലമെൻറ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിർമ്മിക്കുന്നത്. അതേസമയം തറക്കില്ലിടാൻ അനുമതി നൽകിയെങ്കിലും പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകും വരെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുകയോ, മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിനും കടലാസ് ജോലികൾക്കും തടസ്സമില്ല. പ്രധാനമന്ത്രിക്കുപുറമേ ലോക്സഭാ സ്പീക്കർ ഓം ബിർളയും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നത കാരണം പിൻവലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണ് സൂചന.