സമരക്കാരെ അനുനയിപ്പിക്കാനായി കർഷകർക്ക് രേഖാമൂലമാണ് കേന്ദ്രം ശുപാർശ നൽകിയത്. താങ്ങുവിലയുടെ കാര്യത്തിൽ കർഷകർക്ക് രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ നിയമ ഭേദഗതിയുടെ കാര്യത്തിൽ ശുപാർശയിൽ പരാമർശമില്ല. താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കും, കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുളളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കർഷകർക്ക് നൽകിയത്. സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ വ്യാഴാഴ്ച വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് കർഷകരുടെ നേതാവായ ബൽദേവ് സിംഗ് സിർസ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കേജ്രിവാളിന്റേത് രാഷ്ട്രീയ നാടകമാണെന്നും സിർസ പറഞ്ഞു. നവംബർ 26ന് 'ദില്ലി ചലോ' പ്രക്ഷോഭമായി ആരംഭിച്ച സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്.