കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാല്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വിലയിരുത്തും. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, എസ്പി തുടങ്ങി 15ലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിക്കും. നഗരങ്ങളില്‍ ഉള്ളവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകള്‍ അടക്കുകയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഇരിക്കണമെന്ന് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിര്‍ബന്ധിച്ച് അടക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വ്വീസുകള്‍, ആശുപത്രി ആവശ്യങ്ങള്‍, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി നാളെ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.