jeevan news online

വാർത്തകൾ വിശദമായി

കോവഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതിതേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ


ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതിതേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കി. അനുമതിതേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
യുഎസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ കഴിഞ്ഞദിവസം അവരുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടിയിരുന്നു. ഓക്‌സ്ഫഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ നടത്തുന്നുണ്ട്. ക്ലിനിക്കല്‍ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ടെണ്ണം യുകെയിലും ഒന്ന് ബ്രസീലിലും മറ്റൊന്ന് ഇന്ത്യയിലുമാണ്. കോവിഷീല്‍ഡ് കോവിഡിന് വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. കോവിഷീല്‍ഡും ഫൈസറും ഉള്‍പ്പടെ അഞ്ചോളം കോവിഡ് പ്രതിരോധവാക്‌സിനുകളാണ് അവസാനഘട്ട പരീക്ഷണങ്ങളിലുളളത്. റഷ്യ ഇതിനകം കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. തങ്ങള്‍ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് ഫൈവ് ആണ് മോസ്‌കോയിലെ ക്ലിനിക്കുകകളിലൂടെ റഷ്യ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുളളത്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS