കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, റെയിൽമന്ത്രി പിയുഷ് ഗോയൽ എന്നിവരുമായാണ് കർഷകരുടെ സമവായചർച്ച. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപാധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെയ്ക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.. ഡെൽഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികൾ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഡെൽഹി, ഹരിയാന അതിർത്തികളിലേക്ക് കൂടുതൽ കർഷകർ വന്നുകൊണ്ടിരിക്കുകയാണ്. സമരം ഏഴാംദിവസം കടന്നതോടെ ഡെൽഹിയിലേക്ക് പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരംതുടർന്നാൽ ഡെൽഹി കടുത്തക്ഷാമത്തിലേക്ക് പോകും. അതിനുമുൻപ് പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.