.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തികപദ്ധതി, കോവിഡ് വാക്സിൻ കണ്ടെത്താനുള്ള സഹായം, അംഗ രാഷ്ട്രങ്ങളിലെ പ്രതിസന്ധി മറികടക്കൽ എന്നിവയിലൂന്നിയാണ് ജി20യിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിനകം കോവിഡ് പ്രതിസന്ധി മറികടക്കാൻ പതിനൊന്ന് ട്രില്യൺ ഡോളർ ഉത്തേജന പാക്കേജായി ലോക വിപണിയിലേക്ക് ഇറക്കിയതായി ഉച്ചകോടിക്ക് തുടക്കം കുറിച്ചുകൊണ്ട് യോഗാധ്യക്ഷൻ സൽമാൻ രാജാവ് പറഞ്ഞു. സാമ്പത്തികമാന്ദ്യം ശക്തമായ കാലത്ത് തുടങ്ങിയ ജി20 കൂട്ടായ്മക്ക് കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ഇച്ഛാശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക സാധ്യതകൾ തിരിച്ചറിയുക എന്നതാണ് ഇത്തവണ ഉച്ചകോടിയുടെ പ്രമേയം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കോവിഡ് വാക്സിൻ, ചികിത്സ, പരിശോധന തുടങ്ങിയവയിൽ ലോകം വലിയമുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവർക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.
യുഎസ്, റഷ്യ, ബ്രിട്ടൺ, ജർമനി, ചൈന തുടങ്ങി 19 രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും എെക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. ഉച്ചകോടിക്ക് ആതിഥ്യംവഹിക്കാൻ അവസരംലഭിക്കുന്ന ആദ്യ അറബ്രാജ്യമാണ് സൗദി അറേബ്യ.