jeevan news online

വാർത്തകൾ വിശദമായി

ബാർകോഴ ആരോപണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവർണ്ണറുടെ അനുമതി വേണോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം. കോഴപ്പണം വാങ്ങിയെന്ന് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയോ പ്രതിപക്ഷനേതാവോ ആയിരുന്നില്ല എന്നതാണ് ഇതിന് കാരണം. സർക്കാരിന്റെ അപേക്ഷ ലഭിച്ചാൽ ഇക്കാര്യത്തിൽ രാജ്ഭവൻ നിയമോപദേശം തേടിയേക്കും.


സർക്കാരിന്റെ അപേക്ഷ ലഭിച്ചാലും രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ഗവർണ്ണർ നിയമോപദേശം തേടാനാണ് സാധ്യത. കെപിസിസി അധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപ നൽകിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്റെ ആവശ്യം. ഇതിനാണ് സർക്കാർ ഗവർണറുടെ അംഗീകാരംതേടിയത്. എന്നാൽ ജനപ്രതിനിധി അല്ലാതിരുന്ന ഒരാൾക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തുന്നതിൽ ഗവർണ്ണറുടെ അനുമതി ആവശ്യമാണോയെന്ന കാര്യത്തിൽ രാജ്ഭവന് സംശയമുണ്ട്. ജനപ്രതിനിധികൾക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണമെന്നാണ് ചട്ടം. പണം വാങ്ങിയെന്ന് ബിജു രമേശ് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയായിരുന്നില്ല. സർക്കാരിന്റേത് രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ബിജു രമേശിൻറെ ആരോപണം വിജിലൻസ് തന്നെ നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണെന്ന് കാണിച്ചാണ് കത്ത് നൽകിയത്. ഇൗ കത്തും കൂടി പരിഗണിച്ചും നിയമോപദേശം തേടിയുമാകും സർക്കാർ ആവശ്യത്തിൽ ഗവർണർ നടപടി സ്വീകരിക്കുക. മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ അവ്യക്തതയില്ല. സർക്കാരിന്റെ കത്ത് ലഭിച്ചാലുടൻ രാജ്ഭവൻ അന്വേഷണത്തിന് അനുമതി നൽകിയേക്കും.










<

JEEVAN TV NEWS

JEEVAN TV NEWS