jeevan news online

വാർത്തകൾ വിശദമായി

സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം; എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും.


ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം നടത്തണമോയെന്നതില്‍ എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങിനെ കേസെടുക്കുമെന്നതില്‍ പൊലീസില്‍ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്നയെ വീണ്ടും ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും തുടരുകയാണ്. ജയിലില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ വെട്ടിലായ ജയില്‍വകുപ്പ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടു. പക്ഷെ ശബ്ദം തന്റെതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. കേസെടുത്താലും അത് നിലനില്‍ക്കുമോയെന്നാണ് ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടിയത്. അതേസമയം അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ല ശബ്ദസന്ദേശം ചോര്‍ന്നതെന്ന നിലപാടില്‍ ജയില്‍വകുപ്പ് ഉറച്ചുനില്‍ക്കുന്നു. അമ്മയുടേയും ഭര്‍ത്താവിന്റെയും മകളുടേയും നമ്പറുകള്‍ മാത്രമാണ് വിളിക്കാനായി സ്വപ്ന ജയിലധികൃതര്‍ക്ക് നല്‍കിയത്. ഒരുതവണ അമ്മയെ മാത്രമേ സ്വപ്ന വിളിച്ചിട്ടുള്ളൂവെന്നാണ് ജയില്‍വകുപ്പ് ആവര്‍ത്തിക്കുന്നത്. അതേസമയം ഫോണ്‍ സംഭാഷണമാണ് റെക്കോര്‍ഡ് ചെയ്തതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ സംശയം. എവിടെനിന്ന് ആരെ വിളിച്ചു, ആര് പുറത്തുവിട്ടു എന്നതിലാണ് അവ്യക്തത. 


ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS