jeevan news online

വാർത്തകൾ വിശദമായി

10 ദിവസം കഴിഞ്ഞിട്ടും ടി കെ.പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.


ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം സി.കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായി 10 ദിവസം കഴിഞ്ഞിട്ടും ടി കെ.പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. പൂക്കോയ തങ്ങളും മറ്റ് രണ്ട് പ്രതികളും ഒളിവിലാണെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടും പിടികൂടാനാവാത്തതില്‍ പ്രതിഷേധം ശക്തമായി.
ഈ മാസം 7നായിരുന്നു എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് കേസുകളിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഓരോ ദിവസവും കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി. ഇന്നലെ രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 63 ആയി. കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാഷന്‍ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പൂക്കോയ തങ്ങള്‍, ഹിഷാം, സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി 10 ദിവസം കഴിഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണസംഘം താല്‍പര്യം കാട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ബലപ്പെടുത്തുന്നതാണ് അന്വേഷണസംഘത്തിന്റെ നിലപാടെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. പൂക്കോയ തങ്ങളെയും കൂട്ടുപ്രതികളെയും പിടികൂടാനാവാത്തതില്‍ നിക്ഷേപകരിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍
 
 










<

JEEVAN TV NEWS

JEEVAN TV NEWS