jeevan news online

വാർത്തകൾ വിശദമായി

കിഫ്ബി വഴി വായ്പയെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി കണ്ടെത്തലിനെ തള്ളി സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കും.


കിഫ്ബി വഴി വായ്പയെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി കണ്ടെത്തലിനെ തള്ളി സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കും. മുമ്പ് ഓഡിറ്റ് നടത്തിയപ്പോഴൊന്നും ഭരണഘടനാവിരുദ്ധമാണെന്ന വാദം സി.എ.ജി ഉയര്‍ത്തിയിട്ടില്ലെന്ന് ചുണ്ടിക്കാട്ടിയാകും മറുപടി. നിയമവശങ്ങള്‍ കൂടി പരിശോധിച്ചാവും മറുപടി തയ്യാറാക്കുക.
നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് സി.എ.ജിയുടെ കരട് റിപോര്‍ട്ടിനെ തള്ളാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുന്ന മറുപടി ചീഫ് സെക്രട്ടറി താമസിയാതെ സി.എ.ജിക്ക് നല്‍കും. നിയമവശങ്ങള്‍ കൂടി പരിശോധിച്ചാവും മറുപടി തയ്യാറാക്കുക. കിഫ്ബിയുടെ ഭരണഘടനാ സാധുതതയെ കുറിച്ച് ഓഡിറ്റ് വേളയിലോ എക്‌സിറ്റ് വേളയിലോ ഒരു ചോദ്യം പോലും എ.ജി ഉന്നയിച്ചിട്ടില്ല. 2016 ല്‍ നിയമഭേദഗതി നടത്തിയപ്പോള്‍ റിസര്‍വ് ബാങ്കും സെബിയും വായ്പ വിഭവ സമാഹരണത്തിന് അനുവദിച്ച ചില മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സാധ്യതകളെ കിഫ്ബി ഉപയോഗപ്പെടുത്തി. ഇത് ഭരണഘടന ലംഘമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന നിലപാട് സര്‍ക്കാര്‍ മറുപടിയില്‍ മുന്നോട്ട് വെക്കും. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലെന്നും കോര്‍പറേറ്റ് ബോഡിയാണെന്നും നിയമംമൂലം ഉറപ്പ് വരുത്തിയിട്ടുണ്ട്. മറ്റേത് കോര്‍പറേറ്റ് ബോഡിയെ പോലെ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ വിദേശത്ത് നിന്നും നാട്ടില്‍ നിന്നും കിഫ്ബിക്ക് വായ്പയെടുക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
കിഫ്ബിയില്‍ 1999 മുതല്‍ 9 തവണ സി.എ.ജി ഓഡിറ്റ് നടന്നു. നിയമഭേദഗതിക്ക് ശേഷം 2017 ലും 2018 ലും നടന്ന ഓഡിറ്റിങില്‍ ബജറ്റ് പ്രസംഗത്തില്‍ ലക്ഷ്യമിട്ട ചിലവ് കൈവരിച്ചില്ല, ഓഫ് ബജറ്റ് വായ്പകളാണ്, തുടങ്ങിയ പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോഴൊന്നും ഭരണഘടനാവിരുദ്ധമാണെന്ന കണ്ടെത്തല്‍ നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ വിശദീകരിക്കും. ഓഫ് ബജറ്റ് വായ്പകളാണെന്ന സി.എ.ജി കണ്ടെത്തലും തെറ്റാണെന്ന വാദവും സംസ്ഥാനത്തിന്റെ വിശദീകരണത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തലത്തിലെ തീരുമാനം.
 
ന്യൂസ് ഡെസ്‌ക്ക് ജീവന്‍
 










<

JEEVAN TV NEWS

JEEVAN TV NEWS