jeevan news online

വാർത്തകൾ വിശദമായി

ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമികനിഗമനം.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മൊഴികളും രേഖകളും ഏറെ കുറേ വിജിലന്‍സ് ശേഖരിച്ചുകഴിഞ്ഞു. ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, ലൈഫ്മിഷനിലെ എഞ്ചിനിയര്‍മാര്‍, വടക്കാഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥര്‍, മുന്‍ കണ്‍സള്‍ട്ടന്റ് ഹാബിറ്റാറ്റ് ശങ്കര്‍, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ്, സന്ദീപ്, ശിവശങ്കര്‍ എന്നിവരുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്. ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മറച്ചുവച്ച യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൈക്കൂലി നല്‍കുന്നതിന് മുമ്പ് സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം ശിവശങ്കറിനെ കണ്ടുവെന്നാണ് സന്തോഷ് കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന മൊഴി. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. കോടതി അനുമതി ലഭിച്ചാല്‍ സ്വപ്നയുടെയും മൊഴി ദിവസങ്ങള്‍ക്കകം രേഖപ്പെടുത്തും. ഇതിനുശേഷം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനമില്ലെന്നും ലൈഫ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്രമക്കേട് നടന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കരാര്‍ കമ്പനിയും ഇനിയും കണ്ടെത്തേണ്ട ഉദ്യോഗസ്ഥരും വ്യക്തികളുമാണ് എഫ്‌ഐആറിലുള്ളത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞോ, ഉദ്യോഗസ്ഥരെ ആരെയെങ്കിലും പ്രതിചേര്‍ത്ത് മുന്നോട്ടുപോയോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് വ്യക്തമാക്കേണ്ടിവരും.
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS