jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കും.


കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. 
കെ.എം.മാണിയുടൈ മരണശേഷം പാര്‍ട്ടി പിളര്‍ന്നതും, യുഡിഎഫില്‍നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയകേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുഡിഎഫ് വിടുന്നതിനു മുമ്പ് തന്നെ ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, ഇത് സംംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇടതുനേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്കിയില്ല.  ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്ത സിപിഐയുടെ നിലപാടും കാര്യങ്ങള്‍ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തു. എന്നാല്‍, പിന്നീട് നടന്ന ചര്‍ച്ചകളില്‍ സിപിഐ അയഞ്ഞുവെന്നും മുന്നണി പ്രവേശനം സാധ്യമാകുമെന്നും വാര്‍ത്തകള്‍ വന്നു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി വീശി. ബാര്‍കോഴ കേസിലെ സമരങ്ങള്‍ കെ.എം.മാണിയെ ഉദ്ദേശിച്ച് ആയിരുന്നില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസ്താവനയും അതിനെ, പിന്തുണക്കുന്ന തരത്തിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുമെല്ലാം ഇതിന്റെ മുന്നോടിയായിരുന്നുവെന്നാണ് വിലയിരുത്തല്‍. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്‍ഡിഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നതെങ്കില്‍ വരും ദിവസങ്ങളിലും നിര്‍ണ്ണായകമായ പല തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാഷ്ട്രീയകേരളം സാക്ഷിയാകും.
 
ന്യൂസ് ഡെസ്‌ക് ജീവന്‍
 










<

JEEVAN TV NEWS

JEEVAN TV NEWS