jeevan news online

വാർത്തകൾ വിശദമായി

സജനക്ക് സഹായം; സുരക്ഷ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി


എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. കച്ചവടം തടസപ്പെടുത്തിയ വിവരം സജ്‌ന ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സജനയ്ക്ക് പോലീസ് സുരക്ഷ ഉറപ്പുവരുത്തുമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്‌നയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന പുറംലോകത്തെ അറിയിച്ചിരുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ച് പോവുകയായിരുന്നു. ഇക്കാര്യം സംബന്ധിച്ച് പൊലീസില്‍ പരാതി ബോധിപ്പിച്ചുവെങ്കിലും അവരില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും സജ്‌ന ലൈവ് വീഡിയോയിലൂടെ പറയുന്നു. 
വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പും സാമൂഹ്യനീതി വകുപ്പും എത്തി. സജ്‌നക്ക് നേരെ  സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ സാമൂഹ്യനീതി വകുപ്പിന്റെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക  സഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉറപ്പ് നല്‍കി. സജ്‌നയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും വേണ്ട സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്ന പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ന്യൂസ്‌ഡെസ്‌ക് ജീവന്‍
 
 










<

JEEVAN TV NEWS

JEEVAN TV NEWS