jeevan news online

വാർത്തകൾ വിശദമായി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 37 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.


ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 37 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോല്‍വിയും.
ബൗളര്‍മാരുടെ മികവിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂരിനായി നാല് ഓവറില്‍ 19 റണ്‍സിന് മൂന്നുവിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ബാംഗ്ലൂരിനായി മോറിസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്‌നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. 40 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 42 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. നേരത്തെ പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസി, ഷെയ്ന്‍ വാട്ട്‌സണ്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കംതന്നെ തകര്‍ച്ചയോടെയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച അമ്പാട്ടി റായിഡുവും ജഗദീശനും മൂന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താനായില്ല. 28 പന്തില്‍ നാലുഫോറടക്കം 33 റണ്‍സെടുത്ത ജഗദീശനെ റണ്ണൗട്ടാക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറു പന്തില്‍നിന്ന് 10 റണ്‍സെടുത്ത ധോനിയെ ചഹല്‍ മടക്കി. സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ചെന്നൈയുടെ തോല്‍വിയുടെ ആക്കം കൂടി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണെടുത്തത്.. മികച്ച ഫോമില്‍ ബാറ്റ് വീശിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിനെ 169 റണ്‍സിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ കോലി 52 പന്തുകള്‍ നേരിട്ട് നാലു വീതം സിക്‌സും ഫോറുമടക്കം 90 റണ്‍സോടെ പുറത്താകാതെ നിന്നു. 
 
സ്‌പോര്‍ട്‌സ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS