jeevan news online

വാർത്തകൾ വിശദമായി

ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധംചെയ്‌തെന്ന കേസിലെ പ്രതി സുബ്ഹാനി ഹാജയ്ക്ക് ജീവപര്യന്തം


ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധംചെയ്‌തെന്ന കേസിലെ പ്രതി സുബ്ഹാനി ഹാജയ്ക്ക് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. കേസിലെ ഏകപ്രതിയായ സുബ്ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 125 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യ കേസാണിത്. ഐ.പി.സി 125 ന് പുറമെ യു.എ.പി.എ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. എന്നാല്‍ രാജ്യത്തിനെതിരെ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐ.പി.സി 122ആം വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാന്‍ എന്‍.ഐ.എക്കായില്ല. താന്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നും സമാധാനത്തിലാണ് വിശ്വാസമെന്നും തന്റെ പ്രായവും കുടുംബ സാഹചര്യവും ശിക്ഷ വിധിക്കുമ്പോള്‍ പരിഗണിക്കണമെന്നും സുബ്ഹാനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍, അന്തിമവിധി സര്‍വശക്തനായ ദൈവത്തിന്റേതാണെന്നും സുബ്ഹാനി കോടതിയില്‍ പറഞ്ഞു. പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇറാഖില്‍ പോകുന്നതിന് മുമ്പ് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പ്രതി ആഗ്രഹിച്ചിരുന്നതായും ചെയ്ത കുറ്റത്തില്‍ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2016 ല്‍ കനകമലയില്‍ ഐ.എസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ജനുവരിയിലാണ് കേസിലെ വിചാരണനടപടികള്‍ ആരംഭിച്ചത്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ അടക്കം 46 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS