jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി.സൊമാനി അനുമതി നല്‍കി


ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി.സൊമാനി അനുമതി നല്‍കി. അസ്ട്രസെനക കമ്പനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരീക്ഷണം വീണ്ടും തുടങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രതവേണമെന്നാണ് ഡിസിജിഐയുടെ നിര്‍ദ്ദേശം.

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാതരോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവെച്ച പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അള്‍ട്രാസെനകിന് അനുമതി നല്‍കിയത്. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണമാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS