jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു കൊച്ചിയില്‍ കഴിഞ്ഞ 4 മണിക്കൂറായി ചോദ്യം ചെയ്യല്‍ തുടരുകയാണ്


സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  ബിനീഷ് കോടിയേരിയെ  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു കൊച്ചിയില്‍ കഴിഞ്ഞ 4 മണിക്കൂറായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷിന്റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അതേസമയം സ്വര്‍ണ്ണക്കടത്തിന് ലഹരിമരുന്ന് കേസിലെ പ്രതികളുടെ സഹായമുണ്ടായിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് റാക്കറ്റ് സ്വര്‍ണ്ണം കൊണ്ട് വരുന്നതിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിന്റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു ഈ മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. ഇതിനിടെയാണ് രണ്ടാഴ്ച മുന്‍പ് മലയാളിയായ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബംഗളൂരിവില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ കെ ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടല്‍ തുടങ്ങാന്‍ 6ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നല്‍കി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാല്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇതോടൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഇതിന്റെ ഉടമ അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്ന ആരോപണവും ഉയര്‍ന്നു. ഈ കമ്പനിയെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ വിശദമായി ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടിസ് നല്‍കിയത്‌

 










<

JEEVAN TV NEWS

JEEVAN TV NEWS