jeevan news online

വാർത്തകൾ വിശദമായി

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ. സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍.ഐ.എ. ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.

സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് സ്വപ്‌നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്‌ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. കൊച്ചിയിലെ പ്രത്യേകകോടതിയില്‍ എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി അടുപ്പവും ഉണ്ടായിരുന്നു. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന, ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി കണ്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ബാഗ് വിട്ടുകിട്ടുന്നതില്‍ ഇടപെടാന്‍ ശിവശങ്കര്‍ തയ്യാറായില്ലെന്നും എന്‍ഐഎ. കോടതിയില്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS