jeevan news online

വാർത്തകൾ വിശദമായി

ഗസല്‍സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്; മലയാളി ജീവതിത്തിനൊപ്പം എന്നും ആ ഗസല്‍ഈണം


മലയാളത്തെ ഗസല്‍മഴയില്‍ നനയിച്ച പാട്ടുകാരന്‍ ഉമ്പായിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് വയസ്സ്. ഗസല്‍ എന്ന കാവ്യശാഖയെ സാധാരണക്കാരുടെ ഇടയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന കലാകാരനായിരുന്നു ഉമ്പായി. ആസ്വാദക ലക്ഷങ്ങളാണ് ഇന്നും ഉമ്പായിയുടെ സംഗീതം മനസ്സിലേറ്റുന്നത്.

വിഷാദഭരിതമായ ഒരു പാട്ട് തീരുന്നതുപോലെ ഉമ്പായി എന്ന പാട്ടുകാരന്‍ പാതിയില്‍ മടങ്ങിയിട്ട് രണ്ട് വര്‍ഷം. ഗസലിന്റെ ഭാവാര്‍ദ്രതയും വിഷാദ മധുരവും അപൂര്‍വമായി സമ്മേളിച്ച ഭാവശബ്ദത്തിനുടമായിയരുന്നു ഉമ്പായി. മലയാളി കേട്ട് ശീലിച്ച പാട്ടുശിഖരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഉമ്പായിയുടേത്. ഒഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്ക് ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.

ഉമ്പായിയുടെ ഗസല്‍ ഈണങ്ങള്‍കേട്ട് ആദ്യം പലരും നെറ്റിചുളിച്ചു. മലയാളത്തില്‍ ഗസലോ എന്ന് നെറ്റി ചുളിച്ചവര്‍ക്ക് മുന്നില്‍ മലയാളത്തിലും കാതിന് ഇമ്പമാവുന്ന ഗസല്‍ ആവാം എന്ന് സ്വന്തം ശബ്ദത്തിലൂടെ ഉമ്പായി തെളിയിച്ചു. പിന്നീട് എണ്ണിയാല്‍ ഒടുങ്ങാത്ത സുഹൃത്തുക്കളാണ് ഗസല്‍പൂക്കുന്ന രാത്രികളില്‍ ഉമ്പായിക്ക് കൂട്ടായിരുന്നത്. സൈഗാളിനെയും റാഫിയേയും മെഹബൂബിനെയുമൊക്കെ നെഞ്ചോട് ചേര്‍ത്ത കൊച്ചിയിലാണ് ഉമ്പായി ജനിച്ചത്. ഗസലിന്റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകുമെന്ന് തീര്‍ച്ച.
 










<

JEEVAN TV NEWS

JEEVAN TV NEWS