വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായും അദ്ദേഹം ഡോക്ടറോട് പറഞ്ഞു. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്നുപറഞ്ഞ ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി തിരക്കി. പത്തുമിനിറ്റിനുശേഷം ബന്ധുക്കളെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇപ്പോള്‍ മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന ഡോ. ഫൈസല്‍ ഇക്കാര്യം കൃത്യമായി ഓര്‍ത്തെടുക്കുന്നു.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനുശേഷമാണെങ്കിലും ഡോക്ടറുടെ മൊഴി നിര്‍ണായകമാണ്. കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്.