നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ഉന്നതരിലേയ്ക്ക്. മുതിര്‍ന്ന സംവിധായകന് മഹേഷ് ഭട്ടിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അടുത്തയാഴ്ച കരണ്‍ ജോഹറിനെയും ചോദ്യം ചെയ്തേക്കും.
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതിനുള്ള പ്രേരണ എന്താണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. അന്വേഷണം ഉന്നതരിലേക്ക് പോകാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന സംവിധായകന് മഹേഷ് ഭട്ടിനെ ചോദ്യംചെയ്യുന്നതിനായി വിളിപ്പിച്ചത്. കേസന്വേഷിക്കുന്നത് ബാന്ദ്ര പൊലീസ് ആണെങ്കിലും ചോദ്യംചെയ്യല്‍ നടന്നത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ്. രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യംചെയ്യല്‍. സുശാന്തുമായി സിനിമകള്‍ ഒന്നും ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് മഹേഷ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് സുശാന്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ടുതവണ മാത്രമാണ് സുശാന്തിനെ നേരില്‍ കണ്ടിട്ടുതെന്നും മഹേഷ് ഭട്ട് മൊഴി നല്കി. അതേസമയം സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നേരെയും അന്വേഷണം നീങ്ങുകയാണ്. ഈ ആഴ്ച തന്നെ കരണിനെയും ചോദ്യം ചെയ്തേക്കും. ധര്‍മ്മ പ്രൊഡക്ഷന്‍ സിഇഒ അപൂര്‍വ്വ മെഹ്തയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ 42 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.